സമയം

Sunday, March 21, 2010

മിന്നാമിനുങ്ങുകള്‍ പൂത്ത രാത്രിമരങ്ങള്‍


ക്യാമ്പസ് ഓര്‍മ്മ (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍)

ശൂന്യമാക്കപ്പെട്ട നിന്റെ ഓരോ ഇടങ്ങളിലും, ഏകാന്തമായ എന്റെ പകലുകളെ ഞാനൊരിക്കല്‍ പണയം വെച്ചിരുന്നു. തിരിച്ചെടുക്കാന്‍ കഴിയാത്തവിധം പലിശകയറിയ എന്റെ പകലുകളെ നീ മറ്റാര്‍ക്കോ വിറ്റിരിക്കുന്നു... അരമതിലിനപ്പുറത്ത് തണലേകുന്ന മരച്ചില്ലകളില്‍ കെട്ടിത്തൂക്കിയ നിരാശ നിറഞ്ഞ സ്വപ്നങ്ങളെപോലെ ഒരിക്കല്‍ നീയെന്നെയും നിന്റെ ഓര്‍മ്മകളില്‍ കെട്ടിതൂക്കും. അതിനുമുന്‍പ് നിന്നെ എന്നിലേയ്ക്ക് പകര്‍ത്തി എഴുതേണ്ടതുണ്ട്. നീലപെയിന്റ് അടര്‍ന്ന് തുരുമ്പിച്ച ഗെയ്റ്റില്‍ നിന്ന് തുടങ്ങി പരീക്ഷാപേപ്പറിലെ ഉത്തരങ്ങളില്‍ അടിവരയിട്ട ചുവന്ന മഷിയില്‍ ചെന്നെത്തിനില്‍ക്കുന്നു എന്റെ ജീവിതം. മഴപെയ്തുതോര്‍ന്ന പ്രഭാതത്തില്‍ കയറിച്ചെന്ന ക്ലാസ്‌റൂം , അപരിചിത്വത്തിന്റെ തോന്നലുകള്‍ക്ക് പിന്നെയെന്നാണ് മാറ്റം സംഭവിക്കുന്നത്. നാലുമണിക്കുശേഷം അരമതിലിലെ സൗഹൃദത്തിന്റെ നീണ്ട നിരയില്‍ പെടാതെപോയത് എന്തുകൊണ്ടാണ്. പാഠപുസ്തകങ്ങളിലെ കറുത്തഅക്ഷരങ്ങളില്‍ നിന്ന് ഓടിയൊളിച്ചത് നിന്നിലേയ്ക്കായിരുന്നു. നിന്റെ വിശാലതയില്‍, നിശബ്ദതയില്‍, നരച്ചചുവരുകള്‍ക്കുള്ളില്‍ വെച്ച് എനിക്കെന്റെ വാക്കുകളൊക്കെയും കളഞ്ഞുപോയി.നീയെനിക്ക് നഷ്ടവസന്തമായിരുന്നു.മഴയിലേക്ക് നീട്ടിയ നിന്റെ കൈകളില്‍ വീണ് ചിതറുവാന്‍ ഞാന്‍ കൊതിച്ചിരുന്നു. നെഞ്ചില്‍ കോറിയിട്ട നിന്റെ പേര് ഹൃദയത്തിലേയ്ക്ക് വേരോട്ടം നടത്തുന്നത് ഞാനറിയുന്നുണ്ട്.. എന്നെഴുതി മുഴുവിക്കാനാകാതെ ഡയറിമടക്കിയ രാത്രിയില്‍ ഞാന്‍ ഹൃദയത്തില്‍ കുറിച്ചിട്ടു, മറക്കാന്‍ അസാധ്യമാണെന്ന്.

ശ്രീകൃഷ്ണാ നീ ഓര്‍മ്മകളില്‍ വീശിയടിക്കുന്ന വസന്തം തന്നെയാണ്. പൂക്കാലമീ ചെറിമരത്തോടുകാണിക്കുന്നതൊക്കെയും ഞാന്‍ നിന്നോട് ചെയ്യാന്‍ കൊതിപ്പൂ... എന്ന നെരുദയുടെ വാക്കുകള്‍ നിന്റെ ചുവരുകളില്‍ ഞാന്‍ കുറിച്ചുവെക്കുമ്പോള്‍, നിന്നില്‍ നിന്ന് ഞാനൊരു കവിത കണ്ടെടുക്കുന്നു. നിന്നില്‍ മറന്നിടാന്‍ ഒരു നോട്ടുബുക്കുപോലും ഞാന്‍ വാങ്ങിയിട്ടില്ല /എങ്കിലും വാട്ടര്‍ടാങ്കിനുപിന്നില്‍ ഞാനൊരു കെട്ട് ബീഡി ഒളിപ്പിച്ചിട്ടുണ്ട്/ ചുവരില്‍ പേര് കോറിയിടാന്‍ മറന്നതല്ല/ മിനിഓഡിറ്റോറിയത്തില്‍ പണ്ടൊരു ഗസല്‍ മറന്നിട്ടിട്ടുണ്ട്/ പോര്‍ട്ടിക്കോവില്‍ നിന്ന് എല്‍.എച്ചിലേയ്ക്ക് ഞാനൊരു മുദ്രാവാക്യം പറത്തിവിട്ടിരുന്നു/കുരുത്തോലകെട്ടിനിന്നെ അലങ്കരിച്ചിട്ടുണ്ട് / മതിയോ ?/ ഞാനിന്ന് പടിയിറങ്ങും. അവസാന ക്ലാസും കഴിഞ്ഞ് ഓരോരുത്തരും പഠിയിറങ്ങുന്ന ചിത്രം നീയെത്ര തവണവരച്ചതാണ് ? തൊണ്ടപൊട്ടി വിളിച്ച എത്രയോ മുദ്രാവാക്യങ്ങളെ നീ പ്രതിധ്വനിപ്പിച്ചിരിക്കുന്നു. എല്ലാരാത്രികളിലും ഒരായിരം മിന്നാമിനുങ്ങുകളെ നീ അണിയുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ഒരൊറ്റകുടയില്‍, നനഞ്ഞതോളുരുമ്മി നടന്നു പോകുന്ന കമിതാക്കള്‍ ജീവിതത്തിന്റെ പച്ചപ്പുകണ്ടോ എന്ന് നീ അന്വേഷിക്കാറുണ്ടോ?
മൂന്നുവര്‍ഷം കൊണ്ട് യുഗാന്തരങ്ങളുടെ അനുഭവം നീ പങ്കുവെക്കുന്നു. ഓര്‍മ്മകളില്‍ നിന്ന് പലതും ചിതറിപോകുന്നുണ്ട്, ഹോസ്റ്റലില്‍, കാദര്‍ക്കാന്റെ ചായക്കടയില്‍, ലൈബ്രറിയില്‍, ഓഡിറ്റോറിയത്തില്‍, ക്ലാസ്മുറികളില്‍, വരാന്തകളില്‍, കൊറിഡോറില്‍, എല്ലായിടങ്ങളിലും നീയെന്റെ ഓര്‍മ്മകളെ ബന്ധിക്കുന്നു.വൈശാലിപാറയില്‍ വേരുറയ്ക്കാതെ ഒരാളെയും നിന്നില്‍ നിന്ന് വെട്ടി മാറ്റാന്‍ കഴിയില്ലെന്നറിയാം, സൂയിസെഡ് പോയന്റിലെ അഗാധങ്ങളില്‍ ആഴ്‌നിറങ്ങാന്‍ ആഗ്രഹിക്കാതെ ഒരാള്‍ക്കും നിന്നില്‍ നിന്ന് മറയാനാകില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഇനിയും വരും, രാത്രിയില്‍ മിന്നാമിനുങ്ങ് പുത്ത മരങ്ങള്‍ക്കുകീഴെ, ഞാനുണ്ടാകും... ചുവന്ന ബീഡിവെളിച്ചമായെങ്കിലും...




സ.ബിജേഷ്‌

നവംബര്‍ 2
സ.എ.ബി.ബിജേഷ് രക്തസാക്ഷിദിനം


സഖാവേ..
വീട്ടിലേയ്ക്കുള്ളവഴികളില്‍
ഓരോ കവലയിലും, തിരുവിലും
ഒരേ നോട്ടം കൊണ്ട്, ഒരേ നില്‍പ്പുകൊണ്ട്
നീയെന്റെ നെഞ്ച്‌പൊട്ടിക്കുന്നു.
നിനക്കാദരാഞ്ജലികള്‍ എഴുതിയ
ചുവന്ന ഫളക്‌സ് ബോര്‍ഡിനുള്ളില്‍
നിന്ന് നീ...
അതേ മഴനനയുന്നു..
അതേ വെയിലേല്ക്കുന്നു...
ആയിരങ്ങള്‍ നിന്നെയോര്‍ത്ത്
കരഞ്ഞതൊക്കെയും..
മഴയായി നിന്നെ
നനക്കുന്നുവല്ലോ...സഖാവെ..
'ഇല്ല..ഇല്ല..മരിക്കുന്നില്ല..
സഖാവ്..ബിജേഷ്..'
ദൂരങ്ങള്‍ തോറ്റുപോയ
നിന്റെ വിലാപയാത്രയില്‍
ആരുടെയോ മുദ്രാവാക്യം
തൊണ്ടയില്‍ കുഴഞ്ഞുവീഴുന്നു..
എല്ലാമുഖങ്ങള്‍ക്കും വേദനയുടെ,
വേര്‍പാടിന്റെ ഭാവംനല്‍കി
നീമാത്രം ചിരിച്ചുറങ്ങുന്നു...
സഖാവേ...
നിന്റെ രക്തസാക്ഷിത്വം
കാര്‍മേഘങ്ങള്‍ക്ക്
രക്തവര്‍ണ്ണംപകരുന്നു..
നിന്റെ രക്തംനക്കി
നാവുപൊള്ളിയ പട്ടികള്‍,
തെരുവില്‍ ദാഹിച്ചലയുമ്പോള്‍
കല്ലെറിഞ്ഞോടിക്കാന്‍
ആയിരങ്ങളുണ്ടാകും..

Saturday, March 20, 2010

അഭയ

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
അരമനയിലെ
കടുക്കവെള്ളം കുടിച്ചിട്ടും
തീരാത്ത ദാഹത്തോടെ,
ഫാ.തോമസും, ഫാ.ജോസും
കോണ്‍വെന്റിലെ അടുക്കള
വാതിലില്‍ മുട്ടി.

മണവാളന്റെ മെഴുകുശില്‍പ്പം
ശിരോവസ്ത്രംകൊണ്ട് മൂയിയിട്ട്
സിസ്റ്റര്‍ സെഫി അവരെ,
അകത്തേയ്ക്ക് ക്ഷണിച്ചു.

രാത്രിയുടെ അന്ത്യയാമങ്ങളില്‍
ഇണചേര്‍ന്ന രണ്ട് പല്ലികള്‍
ചുവരില്‍ നിന്ന് വഴുതിവീണു.

അന്നേരം മുന്നുപേരും ചേര്‍ന്ന്
കോണ്‍വെന്റില്‍ നിന്ന്
കിണറ്റിലേയ്‌ക്കൊരു
ചോരപ്പുഴ വെട്ടി.

ഊതിവീര്‍പ്പിക്കാതെ ആരോ
മറന്നിട്ടൊരു ബലൂണ്‍ എല്ലാറ്റിനും
സാക്ഷിയായി...

Friday, March 19, 2010

ദൈവാനുഗ്രഹം

ഗുരുവായൂരില്‍ നിന്നും
ചോറുന്നു കഴിഞ്ഞു
മടങ്ങിയ സംഘം
വാഹനാപകടത്തില്‍ പെട്ട്
എട്ടു പേര്‍ മരിച്ചു.
നിസാരപരിക്കുകളടെ
അത്ഭുതകരമായി
രക്ഷപ്പെട്ട
ദൈവാനുഗ്രഹത്തെ
അടുത്തുള്ള
സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.

തേരട്ട

നിന്നെ പിരിഞ്ഞതിന്
ശേഷമാണ്
എന്റെ കാലുകള്‍ക്കിടയില്‍ 
ആ തേരട്ട ചുരുണ്ടുകൂടി 
കിടക്കാന്‍ തുടങ്ങിയത്...